കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പിജി വിദ്യാര്‍ഥികള്‍ നല്കിയ മാനസിക പീഡന പരാതിയെത്തുടര്‍ന്ന് രണ്ട് അധ്യാപകരെ അടിയന്തരമായി സ്ഥലംമാറ്റി.
അസോസിയേറ്റ് പ്രഫസര്‍ (പ്രൊവിഷണല്‍) ഡോ. അനിതാ കുമാരി, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.എ. സ്മിത എന്നിവര്‍ക്കെതിരേയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നടപടി.
അനിതാ കുമാരിയെ ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും അവിടത്തെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ (പ്രൊവിഷണല്‍) ഡോ. മിലി ബാബുവിനെ കോഴിക്കോട്ടേക്കും പരസ്പരം സ്ഥലംമാറ്റി നിയമിച്ചു.
സി.എ. സ്മിതയ്ക്ക് കൊല്ലം ഗവ. മെഡിക്കല്‍ കോളജിലെ ഒഴിവിലേക്കാണു മാറ്റം. വിദ്യാര്‍ഥികളുടെ പരാതിയില്‍ വിദഗ്ധസമിതി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണു നടപടി. പരാതിയിലെ പല കാര്യങ്ങളും ശരിയാണെന്ന് വിദഗ്ധസമിതി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അധ്യാപകരില്‍നിന്ന് ക്രൂരമായ മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍, അപമാനകരമായ പെരുമാറ്റം എന്നിവ നേരിട്ടെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഫാക്കല്‍റ്റികളെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
വിഭാഗത്തിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും നേരില്‍ കണ്ട് സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍, ആരോപണവിധേയരായ അധ്യാപകരുടെ പെരുമാറ്റം വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക ബുദ്ധിമുട്ടും അപമാനവും ഉണ്ടാക്കിയതായി കണ്ടെത്തി. ഇവിടത്തെ അക്കാദമിക് അന്തരീക്ഷവും പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമല്ലെന്നും സമിതി വിലയിരുത്തി.